പി.എസ്.സി കോച്ചിംഗിന് ഒരുമിച്ച് പോയി, ഒരുമിച്ച് സര്‍ക്കാര്‍ ജോലി വാങ്ങിച്ച് അമ്മയും മകളും

ഒരുമിച്ച് പിഎസ്സി കോച്ചിംഗിന് പോയ അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ച് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഉദാഹരണം സുജാതയിലെ അമ്മയും മകളെയും ഓര്‍മ്മിപ്പിയ്ക്കുന്ന രീതിയില്‍ ഒരേ സ്ഥലത്ത് പഠിക്കാന്‍ പോയ ഈ അമ്മയും മകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. 47-കാരിയായ എന്‍ ശാന്തിലക്ഷ്മിയും 28-കാരിയായ തേന്‍മൊഴിയുമാണ് ഈ അമ്മയും മകളും.

തമിഴ്നാട് ഗവണ്‍മെന്റിന്റെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയാണ് ഇവര്‍ ഒരുമിച്ച് പാസ്സായിരിക്കുന്നത്. ഭര്‍ത്താവ് എ.രാമചന്ദ്രന്‍ മരണമടഞ്ഞതോടെയാണ് ശാന്തിലക്ഷ്മി ജോലി അന്വേഷിച്ച് തുടങ്ങിയത്. മകള്‍ തേന്‍മൊഴിയെ തേനി ജില്ലയില്‍ ജി. സെന്തില്‍കുമാര്‍ എന്ന അധ്യാപകന്‍ നടത്തുന്ന സൗജന്യ കോച്ചിങ് ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയതാണ് വഴിത്തിരിവായത്. തമിഴ്നാട് പിഎസ്സി ഗ്രൂപ്പ് 4 ആയി ക്ലാസിഫൈ ചെയ്തിരിക്കുന്ന തസ്തികകളില്‍ എസ്എസ്എല്‍സി വിദ്യാഭ്യാസമെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായ പരിധിയില്ല. ശാന്തി ലക്ഷ്മിക്ക് താത്പര്യം ഉണ്ടെങ്കില്‍ പരിശീലനത്തിന് മകളോടൊപ്പം ചേരാമെന്ന് സെന്തില്‍കുമാര്‍ അറിയിച്ചു. കേള്‍ക്കേണ്ട താമസം, എന്നാലൊരു കൈ നോക്കാമെന്നു ശാന്തി ലക്ഷ്മിയും.

ബിഎ, ബിഎഡാണ് ശാന്തിലക്ഷ്മിയുടെ യോഗ്യത. മകള്‍ തേന്‍മൊഴിയ്ക്ക് ബിഎ ആണ് യോഗ്യത. ക്ലാസില്‍ വരാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മകളുടെ സഹായത്തോടെ ശാന്തി ലക്ഷ്മി പാഠഭാഗങ്ങള്‍ പഠിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് ശാന്തിലക്ഷ്മിയുടെ നിയമനം. തേന്‍ മൊഴിക്കു ലഭിച്ചത് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് വകുപ്പാണ്. തേന്‍മൊഴിയെ കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട് ശാന്തി ലക്ഷ്മിക്ക്.

Courtesy : Mangalam